ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാസങ്ങളുടെ ക്രമത്തില്‍ മൂന്നാമതായാണ് മാര്‍ച്ചിന്റെ സ്ഥാനം. വര്‍ഷത്തില്‍ 31 ദിവസങ്ങളുള്ള 7 മാസങ്ങളില്‍ ഒന്നുകൂടിയാണ് മാര്‍ച്ച്. ജ്യോതിഷപ്രകാരം സൂര്യന്റെ സ്ഥാനം മീനംരാശിയിലെത്തുമ്പോഴാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അവസാനിക്കുന്നത് മേടംരാശിയിലെത്തുമ്പോഴും.
പുരാതന റോമില്‍ മാര്‍ട്ടിയസ് എന്നാണ് മാര്‍ച്ചിനെ വിളിച്ചിരുന്നത്. റോമന്‍ യുദ്ധദേവനായ മാര്‍ട്ടിയസിന്റെ പേരില്‍ നിന്നാണ് മാര്‍ച്ചിന്റെ ഉദ്ഭവം. റോമില്‍ 700 ബി.സി. വരെയുള്ള കാലങ്ങളില്‍ മാര്‍ച്ചിനെ ആയിരുന്നു ആദ്യമാസമായി പരിഗണിച്ചിരുന്നത്. റോമന്‍ രാജാവായിരുന്ന ന്യൂമ പോംപിലസ് ശൈത്യമാസങ്ങളായ ജനുവരിയും ഫെബ്രുവരിയും മാസങ്ങളുടെ നിരയില്‍ ആദ്യം ഉള്‍പ്പെടുത്തുന്നതുവരെ മാര്‍ച്ചുതന്നെ ആദ്യമാസമായി തുടര്‍ന്നു.
ഭൂമിയോടടുത്തു നില്‍ക്കുന്ന മാസം
ഫിന്നിഷില്‍ മാര്‍ച്ചിനെ മാലിസ്‌കു എന്നാണ് വിളിച്ചിരുന്നത്. ഭൂമിയോടടുത്തു നില്‍ക്കുന്ന മാസം എന്നര്‍ത്ഥം വരുന്ന മാല്ലിനേന്‍ കു എന്ന പദത്തില്‍ നിന്നുമായിരുന്നു ഇതിന്റെ ഉദ്ഭവം. ഭൂമി മഞ്ഞണിഞ്ഞു നില്‍ക്കുന്ന സമയത്താണ് മാലിസ്‌കുവിന്റെ ആരംഭം എന്നതുകൊണ്ടായിരുന്നു അങ്ങനെയൊരു വിശേഷണം വന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ സാക്‌സണ്‍ പദമായ ലങ്ക്റ്റ്‌മൊണാറ്റില്‍ നിന്നുമാണ് മാര്‍ച്ച് എന്ന പേരിന്റെ ഉദ്ഭവം എന്നു പറയാം. സാക്‌സണ്‍സ് റെഡ്-മൊണാറ്റ് എന്നും (റെഡം ദേവതയുടെ പേരില്‍ നിന്ന്) മാര്‍ച്ചിനെ വിളിച്ചിരുന്നു. പുരാതന ബ്രിട്ടനിലെ തെക്ക് ഭാഗങ്ങളിലുള്ളവര്‍ ഹൈല്‍ഡ് മൊണാത് എന്നാണ് ഈ മാസത്തിനു നല്‍കിയിരുന്ന പേര്.
മാര്‍ച്ചിന്റെ ദൈവം
റോമന്‍ മാസമായിരുന്ന മാര്‍ട്ടിയസ് എന്നതിലെ മാര്‍സ് എന്ന പദത്തില്‍നിന്നുമാണ് മാര്‍ച്ച് എന്ന പേര് ഉടലെടുത്തത് എന്ന് വാദിക്കുന്നവരുമുണ്ട്. യുദ്ധത്തിനു പോകാന്‍ ഭാഗ്യമുള്ള സമയമായി മാര്‍ച്ച്മാസത്തെ അക്കാലങ്ങളില്‍ കണക്കാക്കിയിരുന്നു. റോമന്‍ യുദ്ധദേവനാണ് മാര്‍സ് എത്രുസ്‌കാന്‍. കര്‍ഷക ദൈവമായ മാറിസ് എന്നതിന്റെ ലാറ്റിന്‍ രൂപത്തോട് മാര്‍സ് കൂടുതല്‍ സാമ്യം പുലര്‍ത്തുന്നു.
മാര്‍ച്ചിനെക്കുറിച്ച് ചില വിശ്വാസങ്ങള്‍
സിംഹത്തെപ്പോലെ വന്ന് ആട്ടിന്‍കുട്ടിയെപ്പോലെ വിടപറയുന്ന മാസം എന്നാണ് ചില പ്രദേശങ്ങളില്‍ മാര്‍ച്ചിനെ വിശേഷിപ്പിക്കുന്നത്. ഇവിടങ്ങളില്‍ മാര്‍ച്ചിന്റെ ആദ്യ ദിവസങ്ങള്‍ ശക്തമായ കാറ്റോടു കൂടിയതായിരിക്കും. മാസത്തിന്റെ അവസാനമാകുമ്പോഴേക്ക് ദിവസങ്ങള്‍ ആട്ടിന്‍കുഞ്ഞിനെപ്പോലെ ശാന്തസുന്ദരമാവും.
മാര്‍ച്ചിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളെ അന്ധദിനങ്ങളായി കണക്കാക്കുന്നു. ഇവ ദൗര്‍ഭാഗ്യദിനങ്ങളാണത്രെ. ഈ ദിവസങ്ങളില്‍ മഴപെയ്താല്‍ വിളവെടുപ്പ് മോശമാകുമെന്ന് കര്‍ഷകര്‍ കരുതുന്നു.
നിറങ്ങളുടെ ഹോളി
മഞ്ഞുകാലത്തിന് വിടനല്‍കി സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വേനല്‍ക്കാലം വസന്തത്തിന്റെ ആഗമനകാലംകൂടിയാണ്. തെളിഞ്ഞ പ്രകൃതിയും പ്രകൃതിയിലെ പച്ചപ്പും കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല് കുന്നു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഈ കാലം ആളുകള്‍ വര്‍ണ്ണങ്ങളുടെ അകമ്പടിയോടെയാണ് ആഘോഷിക്കുന്നത്. നിറങ്ങളുടെ ഈ ഉത്സവമാണ് ഹോളി. ഹോളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇവയില്‍ പ്രമുഖമാണ് ഹിരണ്യകശിപുവിനെ നരസിംഹവതാരം വധിച്ചുവെന്ന കഥ. തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് പരസ്പരം നിറങ്ങള്‍ ചാലിച്ച് ആളുകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര വനിതാദിനം
മാര്‍ച്ച 8 അന്താരാഷ്ട്ര വനിതാദിനമായി ആഘോഷി ക്കുന്നു. വനിതകളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഉന്നതി കൈവരിക്കുകയാണ് ലക്ഷ്യം. സോവിയറ്റ് യൂണിയനാണ് ആദ്യമായി വനിതാദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
പരീക്ഷാചൂടിലുരുകുന്ന മാര്‍ച്ച്
ഇന്ത്യയുടെ കാലാവസ്ഥയില്‍ മാര്‍ച്ച് -മെയ് മാസം കൊടും വേനലായാണ് കണക്കാക്കുന്നത്. അന്തരീക്ഷോഷ്മാവ് ഏറ്റവും കൂടുതല്‍ ഉയരുന്ന ഈ കാലം കേരളത്തില്‍ പരീക്ഷാചൂടിന്റെ കാലം കൂടിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പൊതുപരീക്ഷയായ ഹയര്‍സെക്കന്ററി (എസ്.എസ്.എല്‍.സി) പരീക്ഷയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു.
(പൂർണ പ്രസിദ്ധീകരിച്ച `മാർച്ച്’ എന്ന പുസ്തകത്തിൽനിന്ന്)
