അവതരണം

ജിബ്രാനിലേക്കുള്ള വഴി

ഖലീല്‍ ജിബ്രാന്‍-ആധുനിക ലെബനോന്‍ ലോകത്തിനു സമ്മാനിച്ച മൂന്നാംകണ്ണ്. വാക്കുകളില്‍ സംഗീതവും ദൈവസാന്നിധ്യവും ഒളിപ്പിച്ചുവെച്ചവന്‍. വിശുദ്ധിയുടെ ഔന്നത്യത്തിലേക്കു മനുഷ്യാത്മാവിനെ നയിക്കാന്‍ ശ്രമിച്ച യോഗി. അക്ഷരനക്ഷത്രങ്ങളെകൊണ്ട് പാട്ടുപാടിയവന്‍. അനശ്വരന്‍. എല്ലാ മിസ്റ്റിക്കുകളും എല്ലാ കവികളും സര്‍ഗ്ഗാത്മകമായ എല്ലാ മനസ്സുകളും ഖലീല്‍ ജിബ്രാനില്‍ ഒത്തുചേര്‍ന്ന് പരസ്പര പ്രവാഹമാകുന്നു- എന്ന് ഓഷോ.

ഖലീല്‍-ജിബ്രാന്‍ പച്ചിലച്ചാര്‍ത്തിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞുതുള്ളിയുടെ വിശുദ്ധി. സാന്ത്വന കരസ്പര്‍ശം. ഹൃദയങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യസ്‌നേഹത്തിന്റെ നറുതേന്‍ നിറച്ചവന്‍. ആധുനികലോകത്തിന്റെ പ്രവാചകന്‍.  ”അറുനൂറു സംവത്സരങ്ങള്‍ക്കപ്പുറവും തനിക്ക് ഫലവൃക്ഷമാകണമെന്ന്” ആശിച്ചവന്‍. പ്രണയത്തിന് ജീവിതത്തിലൂടെ പുതിയ അര്‍ത്ഥം നല്‍കിയവന്‍. കാമുകന്‍.

ഖലീല്‍ -ജിബ്രാന്‍ കൊടുങ്കാറ്റിനേയും വസന്തങ്ങളേയും പ്രേമിച്ചവന്‍. വേനലില്‍ മുറിവേറ്റവന്‍. ‘ഹൃദയന്തരാളത്തില്‍ തറഞ്ഞ ഒരു അമ്പുമായാണ് എന്റെ പിറവി, അതു വലിച്ചൂരികളയുക വേദനകരം. തറഞ്ഞുനില്‍ക്കാനനുവദിക്കുന്നതും വേദനാകരം-എന്ന് ജിബ്രാന്‍.’

ഖലീല്‍ ജിബ്രാന്‍ -നിറങ്ങളില്‍ അഭിരമിച്ചവന്‍. നഗ്നതയുടെ ആത്മീയ വിശുദ്ധിയെ തിരിച്ചറിഞ്ഞ ചിത്രകാരന്‍.  പ്രണയത്തിന് ജീവിതത്തിലൂടെ പുതിയ അര്‍ത്ഥം നല്കിയവന്‍. ”ജീവിതം നഗ്നമാണ്.നഗ്നമേത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിതത്തിന്റെ പ്രതീകമാണ്-” എന്ന് ജിബ്രാന്‍.

ഹൃദയരക്തത്തില്‍ തൂലിക മുക്കിയെഴുതിയ തത്തജ്ഞാനി. ‘തത്ത്വജ്ഞാനിയല്ലാത്തവന്‍ കവിയല്ലെന്നു’             കോള്‍ റിഡ്ജ്. പൗരോഹിത്യ -ജീര്‍ണവ്യവസ്ഥയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ വിപ്ലവകാരി. ‘ഓരോ പുരോഹിതനും പിശാചിന്റെ സൃഷ്ടിയാണ്’ എന്ന് ജിബ്രാന്‍.

ഖലീല്‍ ജിബ്രാന്‍-കിഴക്കിനേയും പടിഞ്ഞാറിനേയും കൂട്ടിയോജിപ്പിച്ച പാലം. വര്‍ത്താനത്തിലേക്ക് കണ്ണ് തുറക്കാനും അന്തരാത്മാവിലേക്ക്, അവനവനിലേക്ക് തീര്‍ത്ഥാടനം ചെയ്യുവാനും പാഥേയമൊരുക്കിയ ദാര്‍ശനിക ചക്രവാളത്തിലെ അഭൗമജ്യോതിസ്സ്. ”തത്തജ്ഞാനികള്‍ നിങ്ങളിലേക്ക് വന്നത് അവരുടെ ജ്ഞാനം പകരാനാണ്, ഞാന്‍ നിങ്ങളുടെ ദര്‍ശനമറിയാനാണ്  വന്നിരിക്കുന്നത്-” എന്ന് ജിബ്രാന്‍.

ഖലീല്‍ ജിബ്രാന്‍ -അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം. മാനവസ്‌നേഹത്തേയും ഈശ്വരീയ ചൈതന്യത്തേയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവന്‍. അദ്ദേഹത്തിന്റെ കാവ്യശക്തി ആദ്ധ്യാത്മിക ജീവിതത്തിന്റെ സംഭരണിയില്‍ നിന്നായിരുന്നില്ലെങ്കില്‍ അത് ഇത്രമാത്രം ശക്തവും പ്രാപഞ്ചികവുമാകുമായിരുന്നില്ല. സുന്ദരവും ഗാംഭീര്യം മുറ്റിനില്‍ക്കുന്നതുമായ അതിന്റെ ഭാഷ അദ്ദേഹത്തിന്റേതു മാത്രമാണ്’ എന്ന് ക്ലോഡ് ബ്രാഗ് ഡന്‍.

ഖലീല്‍ ജിബ്രാന്‍-തനിക്ക് പറയാനാവാതെ പോയ വാക്ക് വിളിച്ചു പറയാന്‍ ഇനിയും ഭൂമുഖത്തേക്ക് വരുമെന്ന് കാമിനിയോട് പ്രതിജ്ഞ ചെയ്തവന്‍. അല്പകാലം കഴിയുമ്പോള്‍, കാറ്റില്‍ ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം, വേറൊരു സ്ത്രീ എന്നെ ഗര്‍ഭത്തില്‍ വഹിക്കും…”

(ഖലീൽ ജിബ്രാന്റെ പ്രണയും ധ്യാനവും എന്ന പുസ്തകത്തിൽനിന്ന്)

Leave a Reply

 

 

 

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>