മീനം രാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന ദിവസമാണ് വസന്തുവിഷു. വസന്തകാലത്തെ വിഷു ആചരണത്തിന് സൂര്യാരാധനയുമായി ബന്ധമുണ്ട്. സര്‍വ്വചരാചരങ്ങളെയും നിത്യവും ചൈതന്യവത്കരിക്കുന്ന സൂര്യന്‍ ആദിദേവനാണ്. ഭവിഷ്യപുരാണത്തില്‍ ശ്രീകൃഷ്ണന്‍ തന്റെ മകനായ സാംബനോട് പറഞ്ഞത് സൂര്യന്‍ പ്രത്യക്ഷദേവതയെന്നാണ്. നാശരഹിതമായ ജ്ഞാനയോഗത്തെ താന്‍ ആദ്യം ഉപദേശിച്ചത് സൂര്യനോടായിരുന്നുവെന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഓര്‍മ്മിപ്പിച്ചു. വേദങ്ങളിലെ സൂര്യന്‍ ത്രിമൂര്‍ത്തികളെ പ്രതിനിധാനം ചെയ്യുന്നു. സന്തോഷത്തിന്റെയും, ജ്ഞാനത്തിന്റെയും, സമ്പല്‍സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും പ്രതീകമായിട്ടാണ് സൂര്യരശ്മികള്‍ ഉപനിഷത്തുകളിലും, പുരാണങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ഗായത്രിമന്ത്രത്തിന്റെ ദേവത സൂര്യനാണ്.
സൂര്യനും മനുഷ്യനും തമ്മില്‍ പ്രാചീനകാലം മുതല്ക്കുതന്നെ സുദൃഢമായ ആത്മീയബന്ധം നിലനിന്നുവന്നിരുന്നു. സര്‍വ്വവ്യാപിയും അദൃശ്യനുമായ ദൈവത്തിന്റെ ദൃശ്യരൂപമായിട്ടാണ് പൂര്‍വികര്‍ സൂര്യനെ സങ്കല്പിച്ചിരുന്നത്. അന്ധകാരത്തെയകറ്റി പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യനെ അവര്‍ ഭക്ത്യാദരപൂര്‍വം വീക്ഷിച്ചു. സൂര്യാസ്തമയം അവര്‍ക്ക് ദുഃഖാനുഭവമാണ്.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ യൂറോപ്പില്‍ പല രാജ്യങ്ങളിലും ‘സാറ്റനാലിയ’ എന്ന പേരില്‍ സൂര്യോത്സവം ആഘോഷിച്ചിരുന്നു. പേര്‍ഷ്യക്കാരുടെ സൂര്യദേവന്‍ മിത്ര എന്ന പേരിലായിരുന്നു അറിയപ്പട്ടിരുന്നത്.
ഭാരതീയര്‍ ആദിത്യനെ ബ്രഹ്മത്തിന്റെ ദൃശ്യരൂപമായി ആരാധിച്ചുവന്നു. ആദിത്യ എന്ന പദത്തിന്റെ അര്‍ത്ഥം ആദിമനായ ദൈവം എന്നാണ്. ജഗത്തിലുള്ള സര്‍വ്വത്തിനും ആദിമനാകയാല്‍ ആദിത്യനെന്ന് വരാഹപുരാണം. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വിവര്‍ത്തനത്തില്‍ ജ്ഞാനസ്വരൂപനും, അജ്ഞാനവിനാശകനുമായിട്ടാണ് സൂര്യനെ അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രനോടുള്ള ഉപദേശത്തില്‍ വിശേഷിപ്പിച്ചത്. ഋഗ്വേദത്തില്‍ സൂര്യനെ പ്രകീര്‍ത്തിക്കുന്ന ധാരാളം സൗരമന്ത്രങ്ങളുണ്ട്.
ആദ്ധ്യാത്മിക തലത്തില്‍ മാത്രമല്ല സാമൂഹ്യതലത്തിലും സൂര്യന്റെ സ്വാധീനം പ്രാചീനമാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. സൂര്യന്റെ ഉദയാസ്തമയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളരെക്കാലം മുന്‍പുതന്നെ ജനങ്ങള്‍ അവരുടെ ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ലോകത്തെ കാര്‍ഷികസംസ്‌കാരം രൂപപ്പെട്ടുവന്നതുതന്നെ സൂര്യനെ കേന്ദ്രീകരിച്ചിട്ടാണ്. കര്‍ഷകന്റെ വിളവെടുപ്പുമായി സൂര്യന് ബന്ധമുണ്ട്. കേരളത്തില്‍ ഞാറ്റുവേല നോക്കിയാണ് അടുത്തകാലംവരെ കര്‍ഷകര്‍ കൃഷി നടത്തിയിരുന്നത്. ഞാറ്റുവേല ഞായറിന്റെ (സൂര്യന്റെ) വേലയാണ്.
ജ്യോതിഷപ്രകാരം സൂര്യന്റെ ഉച്ചക്ഷേത്രമാണ് മേടം രാശി. പ്രത്യേകിച്ച് മേടമാസം പത്താംതിയ്യതിവരെ പരമോച്ചത്തിലാണ് സൂര്യന്‍. സൂര്യദേവന്‍ ഈ കാലത്ത് തന്റെ ഏറ്റവും ശക്തിയുള്ള രശ്മികള്‍കൊണ്ട് ലോകത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു. സൂര്യന്റെ ആദ്യരശ്മികള്‍ ഏറ്റുവാങ്ങാന്‍ മേടസംക്രമദിവസം രാത്രിയുടെ അന്ത്യയാമത്തിന്റെ ആരംഭത്തില്‍തന്നെ (പുലര്‍ച്ചെ മൂന്നുമണി) ജനങ്ങള്‍ ഉറക്കമുണര്‍ന്ന് തയ്യാറെടുക്കുന്നു. സൂര്യനാല്‍ ലഭ്യമായ പ്രകൃതിവിഭവങ്ങളെ (ധാന്യസസ്യപുഷ്പഫലാദികള്‍) നിലവിളക്കിന്റെ മുന്‍പില്‍ ഇരുന്ന് കണികണ്ടതിനുശേഷം സൂര്യദര്‍ശനത്തിനായി അവര്‍ പുറത്തേക്കിറങ്ങുന്നു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കൊന്നപ്പൂക്കള്‍ സൂര്യതേജസ്സിനെ പ്രതിനിധാനം ചെയ്യുന്നു.
മേടവിഷു കേരളീയര്‍ക്ക് പുതുവത്സരദിനംകൂടിയാണ്. അന്നേദിവസം പ്രഭാതത്തില്‍ ജനങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്ത് സ്‌നേഹബന്ധം ദൃഢമാക്കുന്നു. മുതിര്‍ന്നവര്‍ ഇളംതലമുറയിലെ അംഗങ്ങള്‍ക്ക് ‘കൈനീട്ടം’ നല്കി അവരെ സന്തോഷിപ്പിക്കുന്നു. കൈനീട്ടമെന്നാല്‍ സഹായഹസ്തം നീട്ടുക എന്നാണ്. വരുംതലമുറയെ ത്യാഗങ്ങള്‍ സഹിച്ചും സംരക്ഷിക്കുമെന്ന സന്ദേശമാണ് കൈനീട്ടത്തിലൂടെ അവര്‍ നല്കുന്നത്. ഉച്ചനീചത്വമില്ലാതെ സര്‍വത്ര പ്രകാശം ചൊരിയുന്ന സൂര്യദേവന്‍ ജാതിമതവര്‍ഗലിംഗവര്‍ണഭേദമില്ലാതെ സാഹോദര്യത്തോടെ ജീവിക്കാന്‍ മനുഷ്യരെ തന്റെ നിത്യസാന്നിദ്ധ്യത്തില്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മാനവമൈത്രിയുടെ സൂര്യോത്സവമാണ് വിഷു.
(’പുണ്യദിനാഘോഷങ്ങളുടെ ആദ്ധ്യാത്മിക പ്രസക്തി’ എന്ന പുസ്തകത്തില്‍നിന്ന്.)
