വിവരാവകാശ നിയമത്തിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കും ശേഷം കേന്ദ്ര യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം മറ്റൊരു നാഴികക്കല്ലായി. വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നിയമത്തിലൂടെ ഉറപ്പു വരുത്തുന്നത്.
ആറിനും പതിന്നാലിനുമിടയില്‍ പ്രായമുള്ള വിദ്യാഭ്യാസം ലഭിക്കാത്ത ഒരുകോടിയോളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അവസരമൊരുങ്ങും. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകാര്‍ക്ക് വീടിനു ഒരുകിലോമീറ്റര്‍ പരിധിക്കുള്ളിലും ആറുമുതല്‍ എട്ടുവരെ ക്ലാസ്സുകാര്‍ക്ക് മൂന്നു കിലോമീറ്ററിനുള്ളിലും സ്‌കൂള്‍സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാറിന് ബാദ്ധ്യതയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. പ്രവേശനം നല്കുന്നതിന്റെ ഭാഗമായി കുട്ടിക്കോ രക്ഷിതാക്കള്‍ക്കോ സ്‌ക്രീനിംഗ് ടെസ്റ്റ് പാടില്ല. ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ ആരേയും തോല്‍പ്പിക്കുകയുമരുത്. ചൂരല്‍ പ്രയോഗവും മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന മറ്റു ശിക്ഷകളും അനുവദിക്കില്ല. പ്രവേശനത്തിന് തലവരിപ്പണം പാടില്ല. ഏതു തരത്തിലുള്ള പിരിവിനും നിരോധനമുണ്ട്.
നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനു പുറമെ, വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പുവരുത്തുക, വിവേചനമില്ലാത്ത വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുക, അയല്‍പക്ക വിദ്യാലയം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുക, വികലാംഗരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിക്കുക, പാവപ്പെട്ടവരും പ്രാന്തവത്കരിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ പ്രാപ്യമാക്കുക തുടങ്ങിയ പുരോഗമനപരവും പരിഷ്‌കൃതവുമായ ലക്ഷ്യങ്ങള്‍ നിയമത്തിലുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കിയ നിയമം പ്രാബല്യത്തിലാക്കിയ കേന്ദ്ര യു.പി.എ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍.
