കോടാനുകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങള്‍ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാക്കി.
പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ജീവന്റെ ആദ്യകണം ഭൂമിയില്‍ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ സഞ്ചാരത്തിനൊടുവില്‍ ഭൂമി ഇന്നു കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കിത്തീർത്തു.
വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം. ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തില്‍ കഴിയുന്ന ഇടങ്ങള്‍ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കല്‍പ്പത്തിന് ചേര്‍ന്നവയാണ്.
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകള്‍ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ ഭൂവിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികള്‍ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുമ്പോള്‍ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.
ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനില്‍ക്കുന്ന ചുറ്റുപാടാണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിന്റെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതില്‍ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. ജീവിയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികള്‍ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവിയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളത്രെ. ചുരുക്കത്തില്‍ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളും ചേരുമ്പോള്‍ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്നു പറയാം.
വിവിധ ശാസ്ത്രശാഖകള്‍ പല തരത്തിലാണ് പരിസ്ഥിതിയെ നിര്‍വചിച്ചിരിക്കുന്നത്. ഒരു ജീവിയേയോ അതിന്റെ ആവാസ വ്യവസ്ഥയേയോ വലയം ചെയ്തിരിക്കുന്നതും അവയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങള്‍ ചേര്‍ന്നതാണ് പരിസ്ഥിതി. എന്നാല്‍ ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരണമെന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിര്‍വചിക്കുന്നത്. ഒരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിര്‍വ്വചിച്ചിരിക്കുന്നത്. സാമൂഹിക പരിസ്ഥിതി അഥവാ ചുറ്റുപാട് എന്ന സങ്കല്‍പ്പം സാമൂഹ്യശാസ്ത്രത്തിലെ മറ്റൊരു അടിസ്ഥാന ആശയമാണ്.
ഗണിതശാസ്ത്രം പരിസ്ഥിതിയെ മറ്റൊരു വീക്ഷണകോണിലൂടെ കാണുന്നു. മൂല്യത്തില്‍ പരിമിതികളുള്ള ഒരു കൂട്ടം ചരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നത്രെ ഗണിതശാസ്ത്രവീക്ഷണം. അതായത് ഗണിതശാസ്ത്രത്തില്‍ ചരങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നത് അവയുടെ പരിസ്ഥിതിയാണെന്ന് ചുരുക്കം. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒരു കമ്പ്യൂട്ടിംഗ് സംവിധാനത്തെയും പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെയും മുഴുവന്‍ പരിസ്ഥിതി എന്നതുകൊണ്ട് സൂചിപ്പിക്കുന്നു.
(’നമ്മുടെ പരിസ്ഥിതി’ എന്ന പുസ്തകത്തില്‍ നിന്ന്)
