‘ഇന്നലെ …ാം നമ്പ്ര് വണ്ടി ഏകദേശം 25 മൈല്‍ സ്പീഡില്‍ ചേമഞ്ചേരിക്കും എലത്തൂരിനും മദ്ധ്യേ ഓടിക്കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു വണ്ടിയുടെ വാതില്‍ അതിശക്തിയോടുകൂടി തുറക്കപ്പെട്ടതായും, അതില്‍നിന്ന് ഒരു മനുഷ്യദേഹം, ആരോ ചവിട്ടി പുറത്തേക്കു ചാടിച്ചതാണെന്നു കാഴ്ചയില്‍ തോന്നിക്കുമാറു പുറത്തേക്ക് വീഴുന്നതായും ഗാര്‍ഡ് കാണുകയും വണ്ടി ഉടനെ നിര്‍ത്തുകയും ചെയ്തു. അന്വേഷണത്തില്‍നിന്നു പ്രസ്തുത മുറിയില്‍ യാത്ര ചെയ്തിരുന്ന പാറപ്പുറത്തു സഞ്ജയന്‍ എന്ന ഒരു മനുഷ്യന്‍ ഒരു സഹയാത്രക്കാരനെ അദ്ദേഹത്തിനിറങ്ങേണ്ടുന്ന സ്റ്റേഷനെത്തുന്നതുവരെ കാത്തിരിക്കുവാന്‍ ക്ഷമയില്ലാതെ, ഇറക്കിവിട്ട കാഴ്ചയാണ് ഗാര്‍ഡ് കണ്ടതെന്നറിവായി. സഞ്ജയനോടു പോലീസു ചെയ്ത ചോദ്യങ്ങള്‍ക്ക് ‘എന്റെ സമാധാനം ഞാന്‍ സെഷന്‍സ് ജഡ്ജിയോട് ബോധിപ്പിച്ചുകൊള്ളാം’ എന്ന മറുപടി മാത്രമേ കിട്ടിയുള്ളൂ, പരേതന്റെ ദേഹം ഛിന്നഭിന്നമായിപ്പോയിരിക്കുന്നതിനാല്‍ ആളെ തിരിച്ചിയുവാന്‍ കഴിഞ്ഞിട്ടില്ല.’
O
ഇങ്ങനെയൊരു കുറിപ്പ് അടുത്തകാലത്ത് ഏതെങ്കിലും ഒരു പത്രത്തില്‍ കാണപ്പെടുകയാണെങ്കില്‍ ‘ഇതു നമ്മുടെ പി.എസ്സ്. ആയിരിക്കുവാന്‍ തരമില്ല. കടലാസ്സുകാര്‍ക്ക് തെറ്റിപ്പോയതായിരിക്കും. അല്ലെങ്കില്‍ വേറെ ഏതോ ഒരു സഞ്ജയന്‍ ഉണ്ടായിരിക്കും.’ എന്നു മാത്രം നിങ്ങള്‍ പറയരുത്. അതു നിങ്ങളുടെ പി.എസ്സ്. തന്നെ ആയിരിക്കും. കടലാസ്സുകാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടുണ്ടായിരിക്കില്ല; വേറെ ഒരു സഞ്ജയനില്ല. ആളെ തിരിച്ചറിയുവാന്‍ നിവൃത്തിയില്ലാത്തവിധത്തില്‍ ഛിന്നഭിന്നമായിച്ചമഞ്ഞ ദേഹത്തോടു കൂടിയ പരേതനായ ശ്രീമാന്‍ ഒരു തീവണ്ടിച്ചെയ്ത്താന്‍ മാത്രവുമായിരിക്കും. പി.എസ്സ്. സെഷന്‍സ് കോര്‍ട്ടില്‍ പറയുവാന്‍ വിചാരിച്ച സമാധാനവുമതായിരിക്കും. ആ കാരണത്തിന്മേല്‍ പ്രതിയെ വെറുതെ വിട്ടയയ്ക്കുകയില്ലെന്നു നിങ്ങള്‍ എന്നെ പഠിപ്പിക്കേണ്ട. അതെനിയ്ക്കറിയാം; പക്ഷേ, ശിക്ഷ കുറയും. വളരെ കുറയും. അല്പം കിട്ടാനിടയുള്ളതു ഞാന്‍ സസന്തോഷം സഹിക്കുവാനാണ് ഒരുങ്ങിയിരിക്കുന്നത്.
O
ഇത്ര ദൃഢമായ ഒരു ക്ലേശസഹിഷ്ണുത സഞ്ജയനില്‍ സഞ്ജനിപ്പിച്ച മേപ്പടി തീവണ്ടിച്ചെയ്ത്താന്‍ എന്തു തരത്തിലുള്ളവനെന്നും, അവനെന്തായുധമായിരിപ്പൂ എന്നുമായിരിക്കും നിങ്ങളുടെ അടുത്ത പ്രശ്‌നം (അല്ലേ?) എന്നാല്‍ തീവണ്ടച്ചെയ്ത്താന്‍ നിങ്ങളില്‍ പലരും ശങ്കിച്ചിരിക്കാവുന്നതുപോലെ ‘Beware of pick-pockets’ എന്ന് ഇംഗ്ലീഷിലും ‘തിരുടര്‍കള്‍ ജാക്കിരതൈ!’ എന്നു തമിഴിലുമുള്ള താക്കീതുകളുടെ കാരണ ഭൂതനായ കള്ളനല്ലെന്നു ഞാന്‍ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. വാസ്തവത്തില്‍ മലബാറില്‍ ഓടുന്ന വണ്ടികളില്‍ ആ താക്കീതിന്റെ ആവശ്യമേയില്ല. തീവണ്ടിയില്‍നിന്ന് മോഷ്ടിച്ച കേസുകള്‍ മലബാറില്‍ ഒരു യുഗത്തിലൊരിക്കലുണ്ടോ എന്നു സംശയമാണ്. എന്തായാലും ഇത് ഇവിടെ തമിഴ്‌നാട്ടിലെപ്പോലെ ഒരു സാധാരണ സംഭവമല്ലെന്നു തീര്‍ച്ചയായി പറയാം. എനിയ്ക്ക് ഈ കാര്യത്തില്‍ വേറൊന്നു പറയുവാനുള്ളത് എന്നെ സംബന്ധിച്ചേടത്തോളം, മേപ്പടി തിരുടര്‍കളെ പുല്ലുവിലയാണെന്നു മാത്രമാണ്. പി.എസ്സിന്റെ കീശയില്‍ കൈയിട്ടു കിട്ടുന്ന സാധനങ്ങളെല്ലാം എടുത്തു തെറ്റുന്ന തിരുടന്‍ നിരാശകൊണ്ട് തൂങ്ങിമരിച്ചില്ലെങ്കില്‍ പ്രസ്തുത സാധനങ്ങളെക്കുറിച്ച് അഗാധമായാലോചിച്ചു തത്ത്വജ്ഞാനിയായിത്തീരും. ഏതായാലും അങ്ങനെയൊരു ശ്രമംചെയ്യുന്ന വിദ്വാനെ ഞാന്‍, അറിഞ്ഞാല്‍പ്പോലും, തടയുവാന്‍ ആലോചിക്കുന്നില്ല.
O
എന്റെ സാഹായ്യത്താല്‍ ഇരുപത്തഞ്ചു മൈല്‍ സ്പീഡില്‍ ലോകപ്രയാണം ചെയ്യുവാനിടയുള്ള തീവണ്ടിച്ചെയ്ത്താന്മാര്‍ വേറെ ഒരു തരക്കാരാണ്. അവരെ കുറ്റസമ്മതപത്രസമേതം കാട്ടികൊടുത്താലും പോലീസുകാര്‍ അറസ്റ്റുചെയ്യുകയില്ല. അവരെ ശിക്ഷിക്കുവാന്‍ നിയമവുമില്ല. (അതുകൊണ്ടായിരിക്കും ഞാന്‍ ഈ കഠിനകൃത്യം ചെയ്യുവാന്‍ ഇടവരുന്നത്). അവര്‍ ബാഹ്യമായി ടിക്കറ്റോടും, സാമാനത്തോടും, ബാക്കി ചില്ലറയോടും കൂടിയ സാധാരണക്കാര്‍ മാത്രമാണ്; എന്നാല്‍ ആന്തരമായി അവര്‍ മനുഷ്യനെ ദ്രോഹിക്കുവാന്‍ വേണ്ടി അവതരിച്ച ചെയ്ത്താന്‍മാരാണ്. അവരുടെ സമ്പ്രദായങ്ങള്‍ ഞാന്‍ വിവരിക്കാം. ഈയിടെ ഒരു ചെയ്ത്താന്‍ വണ്ടി ഒരാപ്പീസില്‍ നിന്നപ്പോള്‍ എന്റെ മുറിയില്‍ കയറി എനിക്കഭിമുഖമായി എതിര്‍ സീറ്റില്‍ സ്ഥാനം പിടിച്ചു. വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മൂപ്പര്‍ മുന്നോട്ടല്പം ആഞ്ഞ് എന്നോടല്ലാതെ വേറൊരാളോടാണെന്നു നടിക്കുവാന്‍ നിവൃത്തിയില്ലാത്ത വിധത്തില്‍ ‘എവിടെയാ ഇറങ്ങേണ്ടത്’ എന്നു ചോദിച്ചു. ഞാന്‍ കോരപ്പുഴയില്‍ ചായംവാരിക്കലക്കിയ ഒരു സായാഹ്നത്തിന്റെ സൗന്ദര്യത്തില്‍ മതിമറിന്നിരിക്കുകയായിരുന്നു. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പുറത്തേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു.
O
മറ്റേ വിദ്വാന്‍ വിടുമോ? ഒരു വിരല്‍കൊണ്ട് എന്റെ കാലിന്റെ മുട്ടുതൊട്ടു ചോദ്യം ആവര്‍ത്തിച്ചു. ആവുംപോലെ ‘മുള്ളന്‍പന്നിത്വം’ അഭിനിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. ചെയ്ത്താന്‍ ‘എന്തിനാണ് പോകുന്നത്?’ എന്നായി. ‘എന്താണെന്നറിഞ്ഞിട്ടു വേണ്ടത്? അവനവന്റെ പാടുനോക്കിയിരിക്കരുതോ?’ എന്നാണ് ഞാന്‍ ചോദിക്കേണ്ടിയിരുന്നത്. പക്ഷേ, അങ്ങനെയുള്ള നൂറു ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ക്കൂടി സന്ദര്‍ഭോചിതമായി ദിവസംപ്രതി കടന്നുപോകാറുണ്ടെങ്കിലും, ഈവക ഘട്ടങ്ങളില്‍ കാമുകനെ അനുരാഗകഥ അറിയിക്കുന്നതില്‍ മുഗ്ദ്ധയ്ക്കുള്ള ലജ്ജയേക്കാള്‍ കവിഞ്ഞ ലജ്ജയോടുകൂടിയ പി.എസ്സിന്റെ നാവ് അവയെ പുറത്തേക്കു വിടാറില്ല. ‘ശകാരിക്കുന്നില്ലെങ്കില്‍ വേണ്ട; താന്‍ ഏതായാലും മിണ്ടരുത്’ എന്നു ശാസിക്കുന്ന മനസ്സിനെ വകവയ്ക്കാതെ അസത്തുനാവ് ആ ചോദ്യത്തിനും സത്യമായ മറുപടി കൊടുത്തു.
O
ദുഃഖപൂര്‍ണ്ണമായ ഒരു നീണ്ട കഥയെ ഞാന്‍ ചുരുക്കട്ടെ. വണ്ടി അടുത്ത ആപ്പീസിലെത്തുന്നതിന്നു മുമ്പ് എന്റെ നെറ്റി ചുളിക്കലിലെയും, പുരുഷസ്വരത്തെയും കാണുകയോ കേള്‍ക്കുകയോ ചെയ്ത ഭാവംപോലുമില്ലാതെ, ആ ജിജ്ഞാസു എന്റെ നാടും വീടും എവിടെയാണെന്നും, പേരും ജോലിയും എന്തെന്നും, ശമ്പളവും വയസ്സും എത്രയെന്നും, വിവാഹം കഴിച്ചിട്ടുണ്ടോ എന്നും കുട്ടികളെത്രയുണ്ടെന്നും എന്തിനാണ് പോകുന്നിടത്തേക്കു പോകുന്നതെന്നും, എപ്പോഴാണ് തിരിച്ചുവരികയെന്നും, ഉള്‍പ്പെടെ ഏകദേശം എണ്‍പതു ചോദ്യങ്ങളുടെ ഉത്തരം ഓരോന്നായി പ്രതിഷേധം തിങ്ങിവിങ്ങുന്ന എന്റെ കരളില്‍നിന്നും, ചൂണ്ടലിട്ടു മത്സ്യം പിടിക്കുംപോലെ, വലിച്ചെടുത്തു.
O
ഇത്രയുംകൊണ്ടു തീര്‍ന്നുവെന്നു ഞാന്‍ വിചാരിച്ചുപോയി. എവിടെ തീരുന്നു? ഞാന്‍ ഒരൊറ്റച്ചോദ്യം അങ്ങോട്ടു ചോദിച്ചില്ലെങ്കിലും, അദ്ദേഹം തന്നെക്കുറിച്ചുള്ള ഒരു ലഘുപ്രസംഗം ആരംഭിച്ചു. അതും ഞാന്‍ ഒരക്ഷരം വിടാതെ കേള്‍ക്കേണ്ടി വന്നു. ഒടുക്കം ആ ബോര്‍മഹാസാമ്രാട്ട് ഇറങ്ങിപ്പോയപ്പോള്‍ ഞാന്‍ എന്നോടുതന്നെയുള്ള ദ്വേഷംകൊണ്ടു കരയാറായിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ വണ്ടിയില്‍വെച്ച് ഇത്തരക്കാരില്‍പ്പെട്ട വേറൊരു ചെയ്ത്താനെ കണ്ടുമുട്ടി. ആ ദേഹവും ഇരുന്ന ഉടനെ എന്നെ സൂക്ഷിച്ചുനോക്കിത്തുടങ്ങി; വണ്ടി ഇളകിയതോടുകൂടി ആ വിദ്വാനും മുന്നോട്ടാഞ്ഞിരുന്നു. ഞാന്‍ ഒരു പുസ്തകം വായിക്കുന്നതിന്നിടയില്‍, അരക്കണ്ണുകൊണ്ട് ഈ ചേഷ്ടകള്‍ കണ്ടു മനസ്സിലാക്കി അചിരേണ ഞാന്‍ പ്രതീക്ഷിച്ചതുപോലെ ‘എവിടേക്കാ?’ എന്ന ചോദ്യം പുറപ്പെട്ടു. ഏതായാലും കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പറ്റരുതെന്നു കരുതി ഞാന്‍ ദീര്‍ഘനിശ്വാസത്തോടുകൂടി പുസ്തകം താഴെ വെച്ചു ചെയ്ത്താന്റെ കണ്ണുകളില്‍ത്തന്നെ നോക്കി. അതിദ്രുതമായി താഴെ ചേര്‍ക്കുംപ്രകാരം പ്രസംഗിച്ചു:
‘ഞാന്‍ കോഴിക്കോട്ടേക്കു പോവുകയാണ്. അവിടെ ഒരു പത്രമാപ്പീസില്‍ ആഴ്ചയില്‍ രണ്ടുതവണ രണ്ടു പേയ്ജ് എഴുതി നിറയ്ക്കുകയാണ് എന്റെ ജോലി. വയസ്സ് (കണ്ടാല്‍ ഒരു സമയം അത്രതന്നെ തോന്നുകയില്ലെങ്കിലും) എഴുപത്തിഎട്ട്. പതിനേഴു ഭാര്യമാരും അവരിലെല്ലാംകൂടി എണ്‍പതില്‍ച്ചില്വാനം കുട്ടികളുമുണ്ട്. ഒരു ഇന്ത്യക്കാരന്റെ നിലയില്‍ ശരാശരി ശമ്പളം ദിവസത്തിന് ഒന്നര അണയാണ്. വല്ലാത്ത ചൂട്. തുലാവര്‍ഷം എനിയുണ്ടാകുമോ എന്ന് എനിക്കു പറയുവാന്‍ കഴിയുകയില്ല. കൃഷി തരക്കേടില്ലെന്നു പറയുന്നു! തീര്‍ച്ച വിവരമില്ല. ഞാന്‍ വായിക്കുന്നത് ഒരു ഇംഗ്ലീഷ് പുസ്തകമാണ്. വില 2ക. നോവലല്ല. അടുത്ത ആഫീസ് പയ്യോളിയാണ്. എന്റെ പേര് പാറപ്പുറത്ത് സഞ്ജയന്‍ എന്നാണ്. ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡണ്ടിനെക്കുറിച്ച് എനിയ്ക്കു വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. നിങ്ങള്‍ വേറെയെന്തെങ്കിലും അറിയുവാനാഗ്രഹിക്കുന്നുണ്ടോ?’
മറ്റേ മനുഷ്യന്‍ അനുനിമിഷം വര്‍ദ്ധിച്ചുവരുന്ന അത്ഭുതത്തോടുകൂടി എന്നെ നോക്കി; ഒടുക്കം മരവിച്ചതുപോലെ മിണ്ടാതിരുന്നു. ‘വേറെയെന്തെങ്കിലും അറിയുവാനുണ്ടോ? ദയചെയ്തു വേഗം പറയണം. ഈ പുസ്തകം ഇന്നു വായിച്ചുതീര്‍ക്കണമെന്നുണ്ട്’ എന്നു ഞാന്‍ വീണ്ടും പറഞ്ഞു. ‘ഇല്ല’ എന്ന് ആ മനുഷ്യന്‍ കഷ്ടിച്ചു സമ്മതിച്ചു. ‘ശരി എന്നാല്‍ നിങ്ങളെപ്പറ്റി യാതൊന്നും അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഓര്‍മ്മയിരിക്കട്ടെ. സലാം!’ എന്നു പറഞ്ഞു ഞാന്‍ മറ്റൊരു ദീര്‍ഘദീര്‍ഘശ്വാസത്തോടുകൂടി പിന്നെയും വായന ആരംഭിച്ചു.
O
വേറെ ഒരുതരം ചെയ്ത്താന്മാരുണ്ട്. അവര്‍ എടുക്കുന്ന സ്വാതന്ത്ര്യം ഇതിലും വളരെ കവിഞ്ഞതാണ്. ഒരു ദിവസം ഞാന്‍ ഒരു വൃത്താന്തപത്രവും രണ്ടുമൂന്നു പുസ്തകങ്ങളും തീവണ്ടിമുറിയില്‍ ഒരു സീറ്റിന്മേല്‍വെച്ച് എന്തോ ആവശ്യത്തിന്നു പ്ലാറ്റ്‌ഫോറത്തിലേക്കിറങ്ങി. കുറച്ചുകഴിഞ്ഞു തിരിഞ്ഞു മുറിയിലെത്തിയപ്പോള്‍ പുസ്തകങ്ങളും കടലാസ്സും വെച്ചേടത്തുണ്ടായിരുന്നില്ല. പണ്ടൊരു കച്ചവടക്കാരന്‍ കുറേ തൊപ്പികള്‍ ഒരു പൂട്ടാത്ത പെട്ടിയില്‍വെച്ച് ഒരു കാട്ടില്‍ കിടന്നുറങ്ങിയെന്നും ഉണര്‍ന്നുനോക്കുമ്പോള്‍ ഒരു കൂട്ടം മര്‍ക്കടന്മാര്‍ മേപ്പടി പെട്ടി തുറന്നു തൊപ്പികളൊക്കെ എടുത്തു തലയിലിട്ടു മരക്കൊമ്പുകളില്‍ ഒരു കോണ്‍ഫറന്‍സ് കൂടിയതായി കണ്ടുവെന്നും ഒരു കഥ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതുപോലെതന്നെ: പത്രത്തിന്റെ ഓരോ ഭാഗംഓരോ മനുഷ്യന്‍ കൈവശപ്പെടുത്തി വായിക്കുന്നു. പുസ്തകങ്ങളും അങ്ങനെതന്നെ. കച്ചവടക്കാരന്നു തന്റെ തലയിലുള്ള ഒരു തൊപ്പി, നിരാശയാല്‍ വലിച്ചെറിഞ്ഞപ്പോഴാണത്രേ, മറ്റു തൊപ്പികള്‍ തിരിച്ചുകിട്ടിയത്. അങ്ങനെ വലിച്ചെറിയുവാന്‍കൂടി ഒരു പുസ്തകമോ കടലാസ്സോ എന്റെ കൈവശമുണ്ടായിരുന്നില്ല. അവര്‍ യാതൊരാവശ്യത്തിന്നുവേണ്ടി ആ പുസ്തകങ്ങളും കടലാസ്സും കൈവശപ്പെടുത്തിയോ അങ്ങനെയൊരാവശ്യം ഉടമസ്ഥന്നും ഒരുപക്ഷേ ഉണ്ടായിരിക്കാമെന്ന് ആ കമ്മ്യൂണിസ്റ്റുകാര്‍ ആലോചിച്ചിട്ടില്ല. അല്ലെങ്കില്‍ ഞാനെന്തിനു കമ്മ്യൂണിസത്തെ അനാവശ്യമായി അധിക്ഷേപിക്കുന്നു? കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരംകൂടി ഒരു കടലാസ്സിന്റെ ഒരു തുണ്ടെങ്കിലും എനിയ്ക്കു കിട്ടേണ്ടേ?
O
ഇതൊരു സമയം എനിയ്ക്കു പറ്റിയ ഒരു പ്രത്യേകാനുഭവം മാത്രമായിരിക്കുമെന്നു കരുതി ഞാന്‍ ചിലരോട് ഇതു പറഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ മാത്രമേ അവര്‍ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളുവെന്ന് അവരെല്ലാം ഐക്യകണ്‌ഠ്യേന തെളിവു തന്നു. ആ കാരണത്താലാണ് ഇതെഴുതുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ അധികൃതരോട് ആവലാതിപ്പെട്ടിട്ടു കാര്യമുണ്ടെന്നെനിയ്ക്കു തോന്നുന്നില്ല. ഇതു വായിച്ചാലെങ്കിലും മേപ്പടി ചെയ്ത്താന്മാര്‍ സഹയാത്ര ക്കാരെ ദ്രോഹിക്കുന്ന കാര്യത്തില്‍ ഒരു ദയ വിചാരിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനായി; ഇല്ലെങ്കില്‍ ഞാന്‍ എനിയും എഴുതും-കുറച്ച് ആക്ഷേപസ്വരത്തില്‍ത്തന്നെ എഴുതും. അതിന്നു വഴിവെയ്ക്കരുത്!
(സഞ്ജയന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
